ജല വിഭവ മാനേജ്‌മന്റ് മേഖലയിലെ ഗവേഷണ വികസന ആവശ്യങ്ങൾ നിറവേറ്റേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു, കേരള സർക്കാർ തങ്ങളുടെ ശാസ്ത്ര സാങ്കേതിക നയത്തിന് കീഴിൽ, 1978 ഫെബ്രുവരിയിൽ, ഒരു സ്വയംഭരണ ഗവേഷണ കേന്ദ്രമായി 'ജല വിഭവ വികസന വിനിയോഗ കേന്ദ്രം’ സ്ഥാപിച്ചു. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ. അച്യുതമേനോനും, മുൻ കേരള സർക്കാർ സെക്രട്ടറി ഡോ. പി. കെ. ഗോപാലകൃഷ്ണനും ഈ സ്ഥാപനത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട് സ്മരിക്കപ്പെടേണ്ട ആദരണീയ വ്യക്തിത്വങ്ങളാണ്. തുടർന്ന് പ്രസ്തുത കേന്ദ്രം, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ മറ്റു സഹോദര സ്ഥാപനങ്ങൾക്കൊപ്പം സ്ഥിരമായ വളർച്ച രേഖപ്പെടുത്തി.
പ്രാരംഭ ദശയിൽ തിരുവനന്തപുരത്തു സ്ഥാപിതമായ കേന്ദ്രം, 1979 -ലാണ് കോഴിക്കോടുള്ള, ഏകദേശം 35 ഹെക്ടറോളം വരുന്ന ക്യാമ്പസ്സിലേക്കു മാറ്റിയത്. 1988-ൽ പണി പൂർത്തിയാക്കിയ ആസ്ഥാനത്തിന്റെ പ്രധാന കെട്ടിടത്തിന് ഉദ്ദേശം 7000 ചതുരശ്ര മീറ്റർ പ്ലിന്ത് ഏരിയ ഉണ്ട്. ഇതിനു പുറമെ ജല ഗുണനിലവാര വിഭാഗം, ഐസോടോപ്പ് ഹൈഡ്രോളജി വിഭാഗം, ലൈബ്രറി, ജല പൈതൃക മ്യൂസിയം, പരിശീലനം നേടുന്നവർക്കുള്ള ഹോസ്റ്റലുകൾ, ഭക്ഷണശാല എന്നിവയ്ക്കായി പ്രത്യേക കെട്ടിടങ്ങളുമുണ്ട്. ക്യാമ്പസ്സിനുള്ളിൽ നിർമ്മിച്ചിട്ടുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിൽ അൻപതോളം കുടുംബങ്ങൾ താമസിച്ചു വരുന്നു.
കേരള കാർഷിക സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്ന ഡോ. സി. എം ജേക്കബായിരുന്നു കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ. ഉപരിതലജലം, ഭൂഗർഭജലം, കാർഷികജലപരിപാലനം, ജലഗുണനിലവാരം, പരിസ്ഥിതി, വിദ്യാഭ്യാസവും വിപുലീകരണവും, ലൈബ്രറി, ഡോക്യുമെന്റേഷൻ-വിവരശേഖരണം എന്നിവയുമായി ബന്ധപ്പെട്ട ആറ് ശാസ്ത്ര വിഭാഗങ്ങളാണ് കേന്ദ്രത്തിന് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഒരു ദശാബ്ദത്തിനു ശേഷം കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളും ഐസോടോപ്പ് ഹൈഡ്രോളജിയും കൈകാര്യം ചെയ്യുന്നതിനുള്ള ശാസ്ത്രീയ വിഭാഗങ്ങൾ മുമ്പത്തെ പട്ടികയിൽ ചേർത്തു. ഗവേഷണത്തിന്റെ പ്രധാന മേഖലകളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി, ജല ഗുണനിലവാര പരോശോധനാ ലബോറട്ടറി, കാർട്ടോഗ്രഫി, റിപ്രോഗ്രഫി, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ, റിമോട്ട് സെൻസിംഗ് സെൽ, ജലവിഭവ മ്യൂസിയം തുടങ്ങിയ ചില കേന്ദ്രീകൃത സൗകര്യങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജല-പരിസ്ഥിതി മേഖലകളുടെ പ്രത്യേക ഗവേഷണ-വികസന ആവശ്യങ്ങൾക്കായി 1991-ൽ ആറ് പ്രാദേശിക കേന്ദ്രങ്ങൾ ആരംഭിച്ചു.
യു.എൻ.ഡി.പി, യു.എൻ.ഇ.പി, ലോകബാങ്ക്, യു.എസ്.എ.ഐ.ഡി, എൻ.എ.എസ്. (അമേരിക്ക), ജെ.ബി.ഐ.സി, ഐ.സി.ഇ.എഫ് തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾക്കു പുറമെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളൂം ഏജൻസികളും സി.ഡബ്ള്യു.ആർ.ഡി.എം -ൻറെ വ്യത്യസ്ത പദ്ധതികൾക്ക് ധനസഹായം നൽകിയിട്ടുണ്ട്. തണ്ണീർത്തട പരിപാലനം, നീർത്തട വികസനം, പ്രാദേശിക ഡാറ്റ മാനേജ്മെന്റ് സിസ്റ്റം, വനം/നഗര ജലശാസ്ത്രം, ഭൂഗർഭജല വികസനം, കായൽ പരിപാലനം, ജലഗുണനിലവാരം, ജലസംബന്ധിയായ പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ കേന്ദ്രം പരിഹരിച്ചു വരുന്നു. 1990 -കളിലെ പഠനങ്ങളിൽ നൂതന സാങ്കേതികവിദ്യകളായ ഗണിതാധിഷ്ഠിത മാതൃകകൾ, സിസ്റ്റം അപ്പ്രോച്ച്, ഐസോടോപ്പ് ഹൈഡോളജി, റിമോട്ട് സെൻസിംഗ് തുടങ്ങിയവ ഉൾച്ചേർക്കുകയും ഇതിന്റെയടിസ്ഥാനത്തിൽ 2000-ലധികം ശാസ്ത്ര പ്രബന്ധങ്ങളും, 500 ഗവേഷണ റിപ്പോർട്ടുകളും പുറത്തു വരികയും ചെയ്തു. സി.ഡബ്ള്യു.ആർ.ഡി.എം ലഭ്യമാക്കുന്ന ജലശാസ്ത്രപരമായ വിവരങ്ങൾ, കേരളത്തിലെ ജല പരിപാലനവുമായി ബന്ധപ്പെട്ടവർക്ക് വളരെ അധികം ഉപകാരപ്രദമായിത്തീർന്നിട്ടുണ്ട്. മാത്രമല്ല, ജല പരിപാലനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരള സർക്കാരിന് സി.ഡബ്ള്യു.ആർ.ഡി.എം നൽകുന്ന പിന്തുണ പ്രാധാന്യമർഹിക്കുന്നതാണ്.
1992-ൽ അംഗീകരിക്കപ്പെട്ട കേരളത്തിന്റെ കരട് ജലനയം തയ്യാറാക്കിയത് സി.ഡബ്ള്യു.ആർ.ഡി.എം ആണ്. കൂടാതെ ജലവുമായി ബന്ധപ്പെട്ട നിരവധി അന്തർ സംസ്ഥാന പ്രശ്നങ്ങളിലും, സർക്കാർ സി.ഡബ്ള്യു.ആർ.ഡി.എം-ന്റെ വിദഗ്ദോപദേശം തേടിയിട്ടുണ്ട്. ഡച്ച് ധനസഹായത്തോടെയുള്ള കെ.സി.ഐ.പി പദ്ധതിയും ഇ.സി ധനസഹായത്തോടെയുള്ള കെ.എം.ഐ.പി പദ്ധതിയിലേക്കും നയിച്ച അടിസ്ഥാന നിർദേശങ്ങൾ സി.ഡബ്ള്യു.ആർ.ഡി.എം -ന്റെ സംഭാവനയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ജലവിഭവ പദ്ധതികളിൽ ചിലതു പരിസ്ഥിതി സൗഹൃദമാക്കാൻ സി.ഡബ്ള്യു.ആർ.ഡി.എം ന്റെ ഇടപെടലുകളിലൂടെ കഴിഞ്ഞിട്ടുണ്ട്. അട്ടപ്പാടിയിൽ ജെ.ബി.ഐ.സി ധനസഹായത്തോടെ ആരംഭിച്ച പരിസ്ഥിതി പുനരുദ്ധാരണ പദ്ധതിക്കും ലക്ഷദ്വീപിൽ ഐ.സി.ഇ.ഇ യുടെ ധനസഹായത്തോടെ ആരംഭിച്ച കുടിവെള്ള പദ്ധതിക്കും സി.ഡബ്ള്യു.ആർ.ഡി.എം ആണ് നേതൃത്വം നൽകിയത്.
ഇതിനു പുറമെ ലോകബാങ്കിന്റെ ധനസഹായത്തോടെയുള്ള കേരള ഫോറെസ്റ്ററി പ്രോജെക്ടിനും, കേരള ഗ്രാമീണ ജലവിതരണ ശുചിത്വ പദ്ധതിക്കും, ഭാരതപ്പുഴയിലെ ജലമുപയോഗിച്ചു കൊണ്ടുള്ള ജലവിതരണ പദ്ധതിക്കും (ഡച്ച് ധനസഹായം) കൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
1990-ൽ കേന്ദ്ര ജലവിഭവ മന്ത്രാലയം ഐ.എം.ടി.പി -യുടെ കീഴിൽ യു.എസ്എ.ഐ.ഡി ധനസഹായത്തോടെ ആരംഭിച്ച വാട്ടർ ആൻഡ് ലാൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (WALMI) കളിൽ ഒന്നാണ് സി.ഡബ്ള്യു.ആർ.ഡി.എം. അതിന്റെ ഭാഗമായി മൂവായിരത്തോളം സർക്കാർ ഉദ്യോഗസ്ഥർക്കും, ആയിരത്തിലധികം കർഷകർക്കും പരിശീലനം നൽകിയിട്ടുണ്ട്. വടക്കൻകേരളത്തിലെ പഞ്ചായത്തുകൾക്കായി നീർത്തടപരിപാലനത്തെ കുറിച്ചുള്ള പ്രത്യേക പരിശീലനവും, ജലസേചന പരിപാലനം, തണ്ണീർത്തട വികസനവും പരിപാലനവും തുടങ്ങിയ വിഷയങ്ങളിൽ ദേശിയ തലത്തിൽ നിരവധി പരിശീലന പരിപാടികളും ഈ കേന്ദ്രം ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ, സ്കൂൾ വിദ്യാർഥികൾക്കും, ഗവേഷണ വിദ്യാർഥികൾക്കും അവശ്യം വേണ്ട പരിശീലനങൾ നൽകുന്നതിലും ഗവേഷണ അവസരങ്ങൾ ലഭ്യമാക്കുന്നതിലും സി.ഡബ്ള്യു.ആർ.ഡി.എം പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
സ്രാത്തിക്ലൈഡ് സർവ്വകലാശാല, ബർമിംഗ്ഹാം സർവ്വകലാശാല, കൊയോട്ട സർവ്വകലാശാല, അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളായ സെന്റർ ഫോർ എക്കോളജി ആൻഡ് ഹൈഡ്രോളജി (യു.കെ), ഹൈഡ്രോളിക് റിസർച്ച് സ്റ്റേഷൻ (യു.കെ), ഡാനിഷ് ഇൻസ്റ്റിറ്റ്യൂട്ട് മുതലായവയുമായി ശക്തവും ഊഷ്മളവുമായ അക്കാദമിക്/ഗവേഷണ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ മികവിന്റെ കേന്ദ്രങ്ങളായ ഐ.ഐ.ടി കൾ, എൻ.ഐ.ടികൾ, സർവ്വകലാശാലകൾ എന്നിവയുമായും പൊതുവായ ഗവേഷണ പദ്ധതികളിൽ സി.ഡബ്ള്യു.ആർ.ഡി.എം പങ്കാളി ആയിട്ടുണ്ട്.
2003 -ഇൽ സി.ഡബ്ള്യു.ആർ.ഡി.എം അതിന്റെ രജത ജൂബിലിയോടനുബന്ധിച്ചു കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലുമായി സംയോജിപ്പിച്ചു. ഡോ. മനോജ് പി. സാമുവൽ ആണ് ഇപ്പോഴത്തെ സി.ഡബ്ള്യു.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ.
സി.ഡബ്ള്യു.ആർ.ഡി.എം -ന്റെ തുടക്കം മുതലുള്ള എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ലിസ്റ്റ് താഴെ കൊടുക്കുന്ന പ്രകാരമാണ് .
ക്രമ നമ്പർ |
പേര് |
മുതൽ |
വരെ |
1 |
ഡോ. സി. എം ജേക്കബ് |
21.02.1978 |
31.07.1979 |
2 |
പ്രൊ. എ. എബ്രഹാം |
01.08.1979 |
25.04.1980 |
3 |
എഞ്ചി. പി. കുമാരസ്വാമി |
26.04.1980 |
24.09.1981 |
4 |
ഡോ. ആർ. ഗോപാലകൃഷ്ണൻ പിള്ള |
24.09.1981 |
28.02.1982 |
5 |
ഡോ.എസ് വാസുദേവ് |
01.03.1982 |
28.11.1986 |
6 |
ഡോ. ആർ. ഗോപാലകൃഷ്ണൻ |
29.11.1986 |
31.12.1986 |
7 |
ശ്രീ. എം. ജയകുമാർ |
01.01.1987 |
04.02.1987 |
8 |
ഡോ. പി. ബസാക് |
04.02.1987 |
15.06.1994 |
9 |
ഡോ. ഇ. ജെ. ജെയിംസ് |
16.06.1994 |
15.06.1996 (i/c) |
10 |
ഡോ. പി. ബസാക് |
16.06.1996 |
07.11.2001 |
11 |
ഡോ. ഇ. ജെ. ജെയിംസ് |
08.11.2001 |
21.02.2003 (i/c) |
12 |
ഡോ. ഇ. ജെ. ജെയിംസ് |
23.02.2003 |
30.09.2007 |
13 |
ഡോ. എസ്. പി രാജഗോപാലൻ |
01.10.2007 |
31.10.2007(i/c) |
14 |
ഡോ. എം. ഡി. നന്ദേശ്വർ |
01.11.2007 |
30.07.2008 (i/c) |
15 |
പ്രൊഫ.(ഡോ.) കെ. വി. ജയകുമാർ |
31.07.2008 |
31.12.2011 |
16 |
ഡോ. എൻ. ബി നരസിംഹ പ്രസാദ് |
01.01.2012 |
31.10.2016 (i/c) |
17 |
ഡോ. ഇ. ജെ ജോസഫ് |
01.11.2016 |
30.11.2017 (i/c) |
18 |
ഡോ. അനിത എ. ബി |
01.12.2017 |
31.05.2018 (i/c) |
19 |
ഡോ. അനിത എ. ബി |
01.06.2018 |
31.05.2020 |
20 |
പ്രൊഫ.(ഡോ.) കെ. പി സുധീർ |
01.06.2020 |
09.03.2021 |
21 |
ഡോ. മനോജ് പി. സാമുവൽ |
10.03.2021 |
ഇതു വരെ |