കേരള സർക്കാർ സ്ഥാപിച്ച ജലമേഖലയിലെ ഒരു പ്രധാന ഗവേഷണ സ്ഥാപനമാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രം (സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്- സി.ഡബ്ള്യു.ആർ.ഡി.എം). സുസ്ഥിര ജല വിഭവവിനിയോഗ മേഖലയിലെ ഗവേഷണ-വികസന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് 1978, ഫെബ്രുവരിയിൽ കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക നയത്തിന് കീഴിൽ ഒരു സ്വയംഭരണ ഗവേഷണ സ്ഥാപനമായി ജല വിഭവ വികസന വിനിയോഗ കേന്ദ്രം നിലവിൽ വന്നു. 2003-ൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലുമായി (കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെൻറ്) കേന്ദ്രം സംയോജിപ്പിക്കപ്പെട്ടു .
ജല ഗവേഷണ മേഖലയിൽ ശാസ്ത്രീയ പഠനങ്ങൾക്കും ജലപരിപാലനത്തിലും ഗണ്യമായ സംഭാവന നൽകുവാൻ സി.ഡബ്ള്യു.ആർ.ഡി.എം- നു സാധിച്ചിട്ടുണ്ട്. പ്രാദേശികമായ വിവര ശേഖരണ സംവിധാനം, നീർത്തട വികസനം, തണ്ണീർത്തട പരിപാലനം, കാർഷിക ജലപരിപാലനം, ജലസേചനം, ഓവുചാലുകളുടെ പരിപാലനം, കായലുകളുടെ പരിപാലനം, വനങ്ങളുടെയും നഗരങ്ങളുടെയും ജലശാസ്ത്രം, ഭൂഗർഭജല വികസനം, ജലഗുണനിലവാരം, ജലസംബന്ധിയായ പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. നാളിതുവരെ 180 ൽ അധികം പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ച കേന്ദ്രത്തിൽ നിന്നും 1500 ലധികം ശാസ്ത്ര പ്രബന്ധങ്ങളും, 1300 റോളം ഗവേഷണ റിപോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. കൂടാതെ വിവിധ സർക്കാർ വകുപ്പുകൾ, സർക്കാരിതര സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മുതലായവർക്കു പ്രയോജനപ്പെടുന്നതിനായി നിരവധി പരിശീലന പരിപാടികളും ഈ സ്ഥാപനം നടത്തി വരുന്നു.