Dr. Manoj P. Samuel

ഡോ. മനോജ് പി. സാമുവൽ
എക്‌സിക്യൂട്ടീവ് ഡയറക്ടർ

ഭൂമിയിലെ ജീവന്റെ നിലനിൽപിന് തന്നെ അനിവാര്യമായ അതിപ്രധാന പ്രകൃതി വിഭവങ്ങളിലൊന്നാണ് ജലം. സംസ്ഥാനത്തിന്റെയും അതിലുപരി രാജ്യത്തിൻറെയും പ്രധാനപ്പെട്ട മേഖലകളായ ആരോഗ്യം, ശുചിത്വം, കൃഷി, വ്യവസായം എന്നിവയിൽ ജലത്തിനുള്ള പങ്ക് അനിർവചനീയം ആണ്. നിലവിലെ ജല വിതരണവും, വർധിച്ചു വരുന്ന ആവശ്യകതയും തമ്മിലുള്ള പൊരുത്തക്കേട് പരിഗണിക്കുമ്പോൾ, കൂടുതൽ കാര്യക്ഷമമായ ജലപരിപാലനത്തിലേക്കായി, നൂതന സാങ്കേതിക വിദ്യകളുടെ വികസനവും പ്രചരണവും, ജല വിഭവ വികസന ശേഷി വർദ്ധിപ്പിക്കാനുതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യൽ എന്നിവ തികച്ചും അത്യന്താപേക്ഷിതമാണ്. ജല സംഭരണം, റീചാർജ് ചെയ്യൽ, പുനരുപയോഗം, ജല മലിനീകരണം കുറയ്ക്കൽ, എന്നിങ്ങനെ കൂടുതൽ ലഭ്യത ഉറപ്പാക്കുന്ന തന്ത്രങ്ങളും, സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന തരത്തിൽ നിലവിലുള്ള ഗവേഷണ പരിപാടികൾ പുനഃക്രമീകരിക്കേണ്ടതുണ്ട്. കൂടാതെ ജലത്തിന്റെ ആവശ്യകത കുറയ്ക്കത്തക്ക രീതിയിലുളള ജലസേചന ക്രമീകരണം, ജലസംഭരണികളുടെ ഒപ്റ്റിമൈസഷൻ, ജലവിഹിതം കൈകാര്യം ചെയ്യൽ, ഉപഭോഗ കാര്യക്ഷമത വർദ്ധിപ്പിക്കൽ, തുടങ്ങിയ മെച്ചപ്പെട്ട സാങ്കേതിക വിദ്യകളും നയങ്ങളും വികസിപ്പിക്കേണ്ടതായുണ്ട്. ഒപ്പം തന്നെ കാലാവസ്ഥാ വ്യതിയാനത്തെ  അതിജീവിക്കുന്നതിനായുള്ള സാങ്കേതികവിദ്യകളും തന്ത്രങ്ങളും വികസിപ്പിക്കേണ്ടതും നീതിപൂർവ്വമായ ജലപരിപാലനത്തിന്   അത്യാവശ്യമാണ്.

ജലവിഭവ പരിപാലനവുമായി ബന്ധപ്പെട്ടു വിവിധ മേഖലകളായ ഗവേഷണം, വികസനം, കൺസൾട്ടൻസി, പരീശീലനം മുതലായവയിലൂടെ ഏതാണ്ട് നാല് പതിറ്റാണ്ടിലേറെയായി തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് സി.ഡബ്ള്യു.ആർ.ഡി.എം. അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളോടു കൂടിയ ഈ കേന്ദ്രം, അതിന്റെ മാനേജ്മെന്റിന്റെയും, ഒരു കൂട്ടം കഴിവുറ്റ ശാസ്ത്രജ്ഞരുടെയും സാങ്കേതിക/ഭരണകർത്തൃ ജീവനക്കാരുടെയും പിന്തുണയോടെയും, പ്രവർത്തി മികവിലൂടെയും ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന മികവിന്റെ ഒരു കേന്ദ്രം ആയി മാറിക്കൊണ്ടിരിക്കുന്നു. ജലസംബന്ധിയായ പ്രശ്നങ്ങൾക്ക്, സാങ്കേതിക പരിഹാരങ്ങൾ നിർദേശിക്കുകയും വികസിപ്പിക്കുകയൂം ചെയ്യുന്നതിന് പുറമെ, സർക്കാരിനും, ഇതര സർക്കാർ വകുപ്പുകൾക്കും വേണ്ട സാങ്കേതിക നിർദേശങ്ങളും, നയപരമായ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

നമ്മുടെ രാജ്യത്തിൻറെ കാർഷിക വികസനത്തെയും, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനെയും പരിമിതപ്പെടുത്തുന്ന ഘടകങ്ങളിലൊന്നാണ് "ജലം" എന്നതിനാൽ, സി.ഡബ്ള്യു.ആർ.ഡി.എം പോലെയുള്ള ഒരു സ്ഥാപനത്തിന്റെ പ്രാമുഖ്യം വളരെ വലുതാണ്. തങ്ങളുടെ ഗവേഷണങ്ങളും പഠനങ്ങളും പുത്തൻ മേഖലകളായ കാലാവസ്ഥാ വ്യതിയാനം, ജല മേഖലയിലെ ദുരന്ത ലഘൂകരണവും മാനേജ്മെന്റും, ജൈവ സാങ്കേതിക വിദ്യ , ഭൗമ വിവരസാങ്കേതികത, നാനോടെക്നോളജി, ഐസോടോപ്പ് ഹൈഡ്രോളജി എന്നീ ശാസ്ത്ര ശാഖകളിൽ കൂടി വ്യാപിപ്പിച്ചു കൊണ്ട് മുന്നേറുകയാണ് കേന്ദ്രം ഇപ്പോൾ. കൂടാതെ, രാജ്യത്തിൻറെ ജല സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികളായ "ജലശക്തി അഭിയാൻ", "ജല ജീവൻ മിഷൻ" എന്നിങ്ങനെയുള്ള സംസ്ഥാന സർക്കാർ സംരംഭങ്ങളുമായി സഹകരിച്ചു പോരുന്നു. തികഞ്ഞ കാര്യക്ഷമതയും, സാങ്കേതിക മികവും യോഗ്യതയായുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ ഇച്ഛാശക്ക്തിയിലൂടെയും, പ്രേരണയിലൂടെയും കേരളത്തെയും രാജ്യത്തെയും തങ്ങളുടെ ജലസ്രോതസ്സുകളുടെ കാര്യത്തിൽ, പ്രദേശപരമായും കാലികമായും സ്വയംപര്യാപ്തമാക്കുന്നതിനായി സി.ഡബ്ള്യു.ആർ.ഡി.എം നു ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.